ബാങ്കോക്: ഏഷ്യൻ കപ്പ് ടേബിൾടെന്നീസിൽ ഇന്ത്യൻ വനിതാ താരത്തിന് ഉശിരൻ ജയം. ഇന്ത്യയുടെ മണികാ ബത്ര ലോക ഏഴാം നമ്പർ താരത്തെയാണ് ആദ്യ റൗണ്ടിൽ അട്ടിമറിച്ചത്. ചൈനയുടെ ചെൻ സിംഗ്‌ടോംഗിനെ മൂന്നിനെതിരെ നാല് സെറ്റുകൾക്കാണ് ബത്ര തറപറ്റിച്ചത്.
ലോക റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ടോപ് സീഡ് താരമായ മണിക 8-11,11-9,11-6,11-6,9-11,8-11,11-9 എന്ന നിലയിലാണ് ജയം പിടിച്ചെടുത്തത്. നിർണ്ണായകമായ അവസാന ഗെയിമിൽ 9-9ന് തുല്യത പിടിച്ച ചൈനീസ് താരത്തിനെതിരെ മികച്ച ഷോട്ടുകൾ പായിച്ചാണ് മണിക അട്ടിമറി വിജയം നേടിയത്.
രണ്ടാം റൗണ്ടിൽ ലോക 23-ാം നമ്പർ ചൈനീസ് തായ്‌പേയ് താരം ചെൻ സൂ യൂ ആണ് മണികയുടെ എതിരാളി. പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ശരത് കമാലും സത്യൻ ജ്ഞാനശേഖരനും ആദ്യ റൗണ്ടിൽ പുറത്തായി. ശരതി ചൈനീസ് തായ്‌പേയിയുടെ ചാംഗ് ചീ യുവാനോടും സത്യൻ ജപ്പാന്റെ യുകിയ ഉദയോടുമാണ് തോൽവി ഏറ്റുവാങ്ങിയത്.















