ലക്‌നൗ: ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്‌സ്പ്രസ് വേയുടെ സർവീസ് റോഡിലായിരുന്നു സംഭവം. ഇപ്പോഴിതാ യുപി പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിൽ യുവതിയെയും കൊലപാതകിയെയും തിരിച്ചറിഞ്ഞിരിക്കുകയാണ്.
ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ അവളുടെ അച്ഛൻ വെടിവെച്ചുകൊല്ലുകയും മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു. ഡൽഹിയിലെ ബദർപൂർ സ്വദേശിനിയാണ് പെൺകുട്ടി.
പിതാവ് നിതേഷ് യാദവിനോട് പറയാതെ കഴിഞ്ഞ ദിവസം പെൺകുട്ടി പുറത്തുപോയിരുന്നു. ഇത് പിതാവിനെ ഏറെ പ്രകോപിപ്പിച്ചു. തിരികെ വീട്ടിൽ വന്നു കയറിയപ്പോൾ മകളെ നിതേഷ് ശകാരിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോക്കെടുക്കുകയും മകളെ വെടിവെച്ച് കൊല്ലുകയും ചെയ്തു. നവംബർ 17നായിരുന്നു സംഭവം.
തുടർന്ന് മൃതദേഹം ഒരു പൊളിത്തീൻ കവറിൽ പൊതിഞ്ഞ് ട്രോളി ബാഗിനുള്ളിലാക്കി മഥുരയിൽ കൊണ്ടുവന്ന് കളഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹമടങ്ങുന്ന ബാഗ് പോലീസ് കണ്ടെത്തിയത്. പിതാവ് നിതേഷ് യാദവ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.















