സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുന്നു. ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സിനിമ 2002 ലാണ് പുറത്തിറങ്ങിയത്. പടയപ്പ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെയാണ് വൻ മുതൽ മുടുക്കിൽ ബാബ റിലീസ് ചെയ്തത്. ലോട്ടസ് ഇൻറർനാഷണലിന്റെ ബാനറിൽ രജനീകാന്ത് തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാൽ തിയറ്ററിൽ വേണ്ടത്ര വിജയം സ്വന്തമാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. പക്ഷെ രജനി ആരാധകരുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബാബ. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ബാബ വീണ്ടും റിലീസിനെത്തുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
#Superstar @rajinikanth – Dir #SureshKrishna 's Digitally remastered #Baba (2002) to re-release soon..@RIAZtheboss pic.twitter.com/huzvO1mKJ6
— Ramesh Bala (@rameshlaus) November 21, 2022
പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ മുന്നേറാൻ ചിത്രത്തിന് സാധിക്കാതെ വന്നതോടെ വിതരണക്കാർക്ക് വൻ നഷ്ടമുണ്ടാക്കിയ ചിത്രമായിരുന്നു ബാബ. എന്നാൽ നിർമ്മാതാവ് എന്ന നിലയിൽ വിതരണക്കാരുടെ നഷ്ടം നികത്താൻ സൂപ്പർസ്റ്റാർ തന്നെ രംഗത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു. 2002 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഹിമാലയത്തിലെ ഒരു മഹാനായ സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയാണ് ബാബ. അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെയും ദുഷ്ടന്മാർക്കെതിരെയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു.
രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് വി.ടി വിജയൻ, സംഗീതം എ.ആർ റഹ്മാൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ചിത്രം വീണ്ടും എത്തുന്നു എന്ന വാർത്ത രജനി ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. 1995-ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായ ബാഷയും ഡിജിറ്റൽ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
Comments