ദിലീപ്-അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചതു മുതൽ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മുടിയും താടിയും വളർത്തി ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറു കയ്യിൽ തോക്കുമായി ഇരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കണ്ട്. ജനപ്രിയ നായകന്റെ ഡോൺ ലുക്ക് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
കറുത്ത കുർത്തയാണ് ചിത്രത്തിൽ ദിലീപ് അണിഞ്ഞിരിക്കുന്നത്. മുടിയും താടിയും വളർത്തി മാസ് ലുക്കിലാണ് താരം. പിന്നിൽ കാവി കൊടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. എംഎൽഎ കേക്ക് മുറിക്കുന്നതും ദിലീപിന് നൽകുന്നതും വീഡിയോയിൽ കാണാം. ദിലീപിന്റെ ലുക്ക് വൈറലായതോടെ ഇത് മലയാളത്തിന്റെ കെജിഎഫ് ആണോ എന്ന് ചോദിക്കുകയാണ് ആരാധകർ. 2017-ൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത്. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ശരത് കുമാർ, ഈശ്വരി റാവു, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിംഗ് ഖുറാനയും അഭിനയിക്കുന്നു. പ്രതിനായകനായാണ് മലയാളസിനിമയില്‍ ദാരാസിംഗ് ഖുറാന അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാജി കുമാര്‍-ഛായാഗ്രഹണം. സംഗീതം -സാം സി.എസ്, എഡിറ്റിംഗ്- വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, കലാസംവിധാനം- സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments