സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. കന്നഡയിൽ മാത്രമല്ല, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും ചിത്രം പുറത്തിറങ്ങി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിക്കാൻ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പിറന്ന കാന്താര എന്ന വിസ്മയ ചിത്രത്തിന് സാധിച്ചു. നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തു വന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. 400.09 കോടിയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
കർണാടകയിൽ നിന്നു മാത്രം ചിത്രം 168.50 കോടി നേടി. ആന്ധ്ര / തെലങ്കാന- 60 കോടി, തമിഴ്നാട്- 12.70 കോടി, കേരളം- 19.20 കോടി, വിദേശത്ത് നിന്ന്: 44.50 കോടി, ഉത്തരേന്ത്യ- 96 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കി. വലിയ സ്വീകരണമാണ് കേരളത്തിലെ ജനങ്ങൾ സിനിമയ്ക്ക് നൽകിയത്. പ്രകൃതിയിൽ ദൈവികത ദർശിക്കുന്ന കാലാകാലങ്ങളായി ഭാരതത്തിന്റെ മണ്ണിൽ നിലനിൽക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താര.
മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് കാന്താര. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്തത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം നവംബർ 24- ന് ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈമിലൂടെയാവും കാന്താര ആരാധകർക്ക് മുന്നിൽ എത്തുക.
Comments