സമീപകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു കാന്താര. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച ചിത്രം 400 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ അത് സ്ഥിരീകരിച്ചിരിക്കുകയാണ് ആമസോൺ പ്രൈം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബർ 24-ന് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം കാണാം. അതേസമയം ഹിന്ദിയിൽ ചിത്രം പുറത്തിറക്കാത്തതിലെ നിരാശയും വലിയ തോതിൽ ആസ്വാദകർ പങ്കുവെയ്ക്കുന്നുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30-നാണ് റിലീസ് ചെയ്തത്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് കാന്താര. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിയിൽ ദൈവികത ദർശിക്കുന്ന കാലാകാലങ്ങളായി ഭാരതത്തിന്റെ മണ്ണിൽ നിലനിൽക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കാന്താരയുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.
ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
Comments