ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയത് അട്ടിമറി വിജയമാണ്. ഇരട്ട ഗോളുകളിലൂടെ അർജന്റീനയുടെ ഗോൾ വല കുലുക്കിയ സൗദിയുടെ വിജയം ചരിത്രപരമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ മെസി ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് കണ്ടത്. ആദ്യ മത്സരത്തിൽ തന്നെ അർജൻ്റീന തോറ്റതോടെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് ടീമിനെയും മെസ്സിയെയും തേടി എത്തുന്നത്. എന്താണ് അർജന്റീനയുടെ തോൽവിയ്ക്ക് കാരണമെന്ന് അന്വേഷിക്കുന്നവരും ഉണ്ട്. ഇതിനിടെ അർജന്റീനയുടെ തോൽവിയ്ക്ക് കാരണം ഒരു മലയാളിയാണ് എന്ന തരത്തിൽ പുതിയ ട്രോളുകൾ പ്രത്യക്ഷപ്പെടുകയാണ്. രസകരമായ
ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
ഫിഫ ലോകകപ്പിൽ സൗദിയോട് അർജന്റീന തോൽക്കാൻ കാരണം പയ്യോളിക്കാരൻ അബുവാണത്രേ. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മെസ്സിയെ പുറകിൽ നിന്ന് വിളിച്ച് അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടാണ് അർജന്റീന തോറ്റുപോയതെന്ന് ഫാൻസ് പറയുന്നു എന്ന് പരിഹസിച്ചു കൊണ്ടാണ് ട്രോളുകൾ. ഇതോടെ പയ്യോളി അബു സമൂഹമാദ്ധ്യമങ്ങളിൽ താരം ആയിരിക്കുകയാണ്. അർജന്റീന-സൗദി മത്സരം കാണാൻ എത്തിയ പയ്യോളിക്കാരൻ അബു ഷംനാദ് ആരാണെന്നറിയില്ല. എന്നാൽ ‘മെസ്യേ മെസ്യേ’ എന്ന വിളി ഇപ്പോൾ തരംഗമാണ്.
മെസ്സിയുടെ ശ്രദ്ധ തിരിച്ച് പയ്യോളി അബു അർജന്റീനയെ തോൽപ്പിച്ചു എന്നാണ് പരിഹാസം. അറയ്ക്കൽ അബുവിലും ഭീകരനാണിവൻ എന്നും പലരും പ്രതികരിക്കുന്നു. എന്തായാലും അബുവും അബുവിന്റെ വിളിയും ഇപ്പോൾ തരംഗമാണ്. 36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി എത്തിയ അർജന്റീനയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്.
Comments