തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജനം ടിവിക്ക് കിരീടം. ഫൈനലിൽ മാധ്യമം ടീമിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ജനം ടിവി മിന്നും വിജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ ട്രോഫി സമ്മാനിച്ചു.
ആദ്യ കളിയിൽ കൈരളി ടിവിയുമായി രണ്ട് ഗോളുകൾക്ക് സമനിലയിൽ എത്തി. രണ്ടാം കളിയിൽ മലയാള മനോരമയുമായാണ് ജനം ടീം ഏറ്റുമുട്ടിയത്. മനോരമയ്ക്കെതിരെ ഒരു ഗോൾ സ്വന്തമാക്കി കൊണ്ട് സെമി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. സെമി ഫൈനൽ മത്സരത്തിൽ 2-ന് എതിരെ 3 ഗോളുകൾക്ക് കേരള കൗമുദി ടീമിനെ ജനം പരാജയപ്പെടുത്തി.
ഫൈനലിൽ മാധ്യമം ടീമിനെ 2-ന് എതിരെ 3 ഗോളുകൾക്ക് മുട്ടുക്കുത്തിച്ച് ജനം ടീവി സൂപ്പർ ലീഗ് ട്രോഫിയിൽ മുത്തമിടുകയായിരുന്നു. വനിതാ ഷൂട്ട് ഔട്ട് മത്സരത്തിലും ടീം ജനം നേട്ടം കൈവരിച്ചു. ഷൂട്ട് ഔട്ട് മത്സരത്തിൽ ജനം ടിവിയുടെ പെൺപുലികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ ലീഗിന്റെ ഭാഗമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളും സിനിമാ-സീരിയൽ താരങ്ങളും മാദ്ധ്യമ പ്രവർത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി മത്സരവും നടന്നു.
Comments