ന്യൂഡൽഹി: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഓസ്ട്രേലിയയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്വീന്ദർ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോർഡിംഗ്ല എന്ന 24കാരിയെയാണ് രാജ്വീന്ദർ കൊലപ്പെടുത്തിയത്. 2018ൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ ഇയാൾ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1 മില്ല്യൺ ഓസ്ട്രേലിയൻ ഡോളർ (5.23കോടി രൂപ) പാരിതോഷികമായി നൽകുമെന്ന് ക്വീൻലാൻഡ് പോലീസ് പ്രഖ്യാപിച്ചിരുന്നു. 2018 ഒക്ടോബറിൽ വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. കോർഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ജോലി രാജി വച്ച് രാജ്വീന്ദർ നാട് വിടുകയായിരുന്നു.
ക്വീൻലാൻഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്. ഇയാൾ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന വിവരവും ലഭിച്ചു. രാജ്വീന്ദറിനെ കൈമാറണമെന്ന് ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യ ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.
Comments