ഇടുക്കി: കട്ടപ്പനയിൽ സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. സംഭവത്തിൽ കൗന്തി സ്വദേശി ഹരിമുകാർ, വാഴര സ്വദേശി ജോബി എന്നിവരെ പിടികൂടി.
രാജുവിന്റെ മകൻ രാഹുലിന്റെ സുഹൃത്തുക്കളാണ് ഹരികുമാറും, ജോബിയും. അടുത്തിടെ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രയ്ക്കായി രാഹുൽ വാങ്ങിയിരുന്നു. എന്നാൽ യാത്രയ്ക്കിടെ ബൈക്ക് അപകടത്തിൽപ്പെട്ടു. തുടർന്ന് ബൈക്ക് അറ്റകുറ്റപ്പണി നടത്തിയ ശേഷം തിരികെ നൽകാമെന്ന് രാഹുലും രാജുവും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അറ്റകുറ്റപ്പണി വൈകിയതോടെ ഇന്നലെ രാത്രി ഹരികുമാറും ജോബിയും രാഹുലിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.
രാഹുലിനെ പ്രതികൾ ചേർന്ന് മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ രാജു തടഞ്ഞു. ഇതിനിടെ രാജുവിന് അടിയേൽക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായി വീണ രാജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിക്കുകയായിരുന്നു. പ്രതികളെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു.
സംഘർഷത്തിൽ ഹരികുമാറിനും പരിക്കേറ്റിരുന്നു. ഇയാൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments