ഷില്ലോംഗ്: മേഘാലയയിൽ ബിജെപിയിൽ ചേരാനൊരുങ്ങി നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാക്കളും, തൃണമൂൽ കോൺഗ്രസ് നേതാവും. എൻപിപി എംഎൽഎമാരായ ഫെർലിൻ സാംഗ്മ, ബെനെഡിക് മാർക്ക്, തൃണമൂൽ കോൺഗ്രസ് നേതാവ് എച്ച് എം ഷാംഗ്പ്ലിംഗ് എന്നിവരാണ് ബിജെപിയിൽ ചേരുക. ഇന്നലെ മൂന്ന് പേരും പാർട്ടി അംഗത്വം രാജിവച്ചിരുന്നു.
നിയമസഭാ കമ്മീഷണർ ആൻഡ്രൂ സൈമൻസ് ആണ് ഇരു പാർട്ടിയിലെയും നേതാക്കൾ രാജിവെച്ച വിവരം അറിയിച്ചത്. നേതാക്കളുടെ രാജിക്കത്ത് സ്പീക്കർ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ബിജെപിയിൽ ചേരുന്നതിനായി മൂന്ന് നേതാക്കളും ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയ്ക്ക് ശേഷം ഡിസംബർ ആദ്യവാരമായിരിക്കും ഇവരുടെ ബിജെപി പ്രവേശനം.
സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാംഗ്പ്ലിംഗ് പറഞ്ഞു. അതിനാൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു. മേഘാലയയുടെ വികസനത്തിനായി യുവാക്കളും, കർഷകരും പ്രധാനമന്ത്രിയെയും, കേന്ദ്രസർക്കാരിന്റെ വികസന നയങ്ങളെയും പിന്തുണയ്ക്കണം. ഒരു ബിജെപി മുഖ്യമന്ത്രിയ്ക്ക് മാത്രമേ മേഘാലയയെ വികസന പാതയിലേക്ക് നയിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൽസെല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഫെർലിൻ സാംഗ്മ, റക്സംഗ്രേയിൽ നിന്നുള്ള എംഎൽഎയാണ് മാർക്ക്.
Comments