ഭദ്രൻ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നു. 2023 ഫെബ്രുവരി 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സ്ഫടികം റിലീസ് ചെയ്യും. ഡോൾബി 4k അറ്റ്മോസിൽ കൂടുതൽ മികവോടെയാണ് ചിത്രം റി -റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ സാങ്കേതിക മികവുകളോടെ വീണ്ടും റിലീസാവുന്നു എന്ന് മോഹൻലാൽ പറഞ്ഞു.
”
എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.
ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…
‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’ ” എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
സ്ഫടികത്തിന്റെ 24ാം വാർഷിക വേളയിലാണ് സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ പ്രചാരണങ്ങൾക്കിടെയായിരുന്നു 4 കെ ഡോൾബി അറ്റ്മോസ് വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദർശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്. ചിത്രത്തിൽ പുതിയ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ഭദ്രൻ വ്യക്തമാക്കിയിരുന്നു.
Comments