സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങളും അതിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെടുന്ന മുങ്ങൽ വിദഗ്ധരെയുമൊക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അൽപം വ്യത്യസ്തമായ ഒരു ഷാർക്ക്-അറ്റാക്ക് വീഡിയോയാണ്.
ഇത്തവണ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് ഒരു സ്‌കൂബാ ഡൈവറുടെ ക്യാമറയാണ്. എങ്കിലും ഇതെല്ലാം തന്റെ ഗോപ്രോയിൽ പകർത്താൻ കക്ഷിക്ക് സാധിച്ചു. ഗോപ്രോ വിഴുങ്ങുന്ന സ്രാവിന്റെ ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുന്നത്.
സ്‌കൂബാ ഡൈവറുടെ കൈവശമുള്ള ഗോപ്രോ കണ്ട് പാഞ്ഞുവരുന്ന ടൈഗർ ഷാർക്കാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. താരതമ്യേന അക്രമ സ്വഭാവം കുറവുള്ള ടൈഗർ ഷാർക്ക് സ്‌കൂബാ ഡൈവറുടെ ഗോപ്രോ കടിച്ചുവലിച്ച് അകത്താക്കി.
https://twitter.com/i/status/1598841142887710720
ക്യാമറ വിഴുങ്ങാൻ സ്രാവ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഏതാനും സെക്കൻഡുകൾ പിന്നിട്ടപ്പോൾ വായ്‌ക്കകത്തെ ഗോപ്രോ പുറത്തേക്ക് വന്നു. ക്യാമറ തുപ്പിക്കളഞ്ഞ് ഒരുപോക്ക് പോവുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം ഗോപ്രോയിൽ പകർത്തപ്പെട്ടിരുന്നു.
സ്രാവിന്റെ പല്ലുകളും തൊണ്ടയും വായ്‌ക്കകത്തെ പല ഭാഗങ്ങളും ക്യാമറയിൽ പതിഞ്ഞതായി വീഡിയോയിൽ കാണാം. 28 സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യങ്ങൾ ‘യൂഓൾഡ് ഗയ്’ എന്ന ട്വിറ്റർ ഹാൻഡിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.















