ആദംപൂർ: മുങ്ങുന്ന കപ്പലായ കോൺഗ്രസിന് ഇനി ഭാവിയില്ലെന്ന് ആദംപൂർ മുൻ എംഎൽഎ കുൽദീപ് ബിഷ്‌ണോയ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിലെ കർണാലിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് മുൻ എംഎൽഎയുടെ പ്രതികരണം.
മുങ്ങുന്ന ഒരു കപ്പലാണ് കോൺഗ്രസ്. പാർട്ടിക്ക് ഇനി ഭാവിയുണ്ടെന്ന് കരുതുന്നില്ല. ജനങ്ങളുടെ വിശ്വാസം കോൺഗ്രസിന് നഷ്ടപ്പെട്ടു. പാർട്ടി നേതാക്കളോടൊപ്പം നടക്കുന്ന ജനങ്ങൾ മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ ബാക്കിയുള്ളതെന്നും കുൽദീപ് പറഞ്ഞു. ആദംപൂരിൽ ബിജെപി ടിക്കറ്റിൽ നിന്ന് മത്സരിച്ച മകൻ ഭവ്യ ബിഷ്‌ണോയിയുടെ വിജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ആദംപൂർ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം അവിടുത്തെ ജനങ്ങളാണ്. ആദംപൂരിൽ നിന്നും കോൺഗ്രസിനെ വലിച്ചെറിഞ്ഞ് ഭവ്യയ്‌ക്ക് വോട്ട് ചെയ്ത ജനങ്ങളാണ് അവിടെയുള്ളത്. നിലവിലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്ന പദ്ധതികളിലും ജനങ്ങൾ അതീവ സന്തോഷമുള്ളവരാണെന്നും കുൽദീപ് ബിഷ്‌ണോയ് പറഞ്ഞു.
ഓഗസ്റ്റിലായിരുന്നു കുൽദീപ് എംഎൽഎ സ്ഥാനം രാജിവച്ചത്. ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കുൽദീപിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. തുടർന്ന് ആദംപൂരിൽ നിന്നുള്ള എംഎൽഎയായിരിക്കെ അദ്ദേഹം രാജിവച്ചു. ശേഷം അദ്ദേഹം ബിജെപിയിൽ ചേർന്നു. ഈ സീറ്റിലാണ് മകൻ ഭവ്യ ബിഷ്‌ണോയ് (29) മത്സരിച്ചത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ജയ് പ്രകാശിനെ പരാജയപ്പെടുത്തി മിന്നുന്ന വിജയമാണ് ഭവ്യ സ്വന്തമാക്കിയത്.
Comments