ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിന്റെ തകർപ്പൻ പന്ത് ചർച്ചയാകുന്നു. ബംഗ്ലാദേശ് ബാറ്റർ നജ്മുൽ ഹുസൈൻ ഷാന്റോയുടെ വിക്കറ്റ് പിഴുത 151 കിലോമീറ്റർ വേഗത്തിലുള്ള പന്താണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഫുൾ ലെംഗ്തിൽ വന്ന പന്ത്, കുത്തി ഉയർന്ന് നേരെ ഷാന്റോയുടെ വിക്കറ്റ് തെറിപ്പിച്ചു. ബാറ്റ് താഴ്‌ത്താൻ വൈകിയ നജ്മുൽ ഹുസൈൻ, സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം.
What a pace man! 151kmph bowl from Umran Malik!🥵🔥
pic.twitter.com/BwFmizPhku— 𝐀𝐚𝐥𝐢𝐲𝐚𝐡 | 𝐯𝐤 𝐟𝐫𝐞𝐚𝐤 (@Aaliya_Zain5) December 7, 2022
വേഗത, ആക്രമണോത്സുകത, കൃത്യത എന്നിവയുടെ പര്യായമാണ് ഉമ്രാൻ മാലിക്കെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ഇന്നത്തെ തന്റെ ആദ്യ ഓവറിൽ ബൗൺസ് കൊണ്ട് ബംഗ്ലാദേശ് ബാറ്റർ ഷകീബ് അൽ ഹസനെ പരീക്ഷിച്ച ശേഷമായിരുന്നു, ഉമ്രാൻ രണ്ടാം ഓവറിൽ നജ്മുൽ ഹുസൈന്റെ വിക്കറ്റ് പിഴുതത്.
ഉമ്രാൻ മാലിക്കിന്റെ അന്താരാഷ്‌ട്ര കരിയറിലെ നാലാം വിക്കറ്റായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വിക്കറ്റ് എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ജമ്മു സ്വദേശിയായ ഉമ്രാൻ മാലിക്കിനെ ദേശീയ ടീമിൽ എത്തിച്ചത്.
Comments