എറണാകുളം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 39,920 രൂപയായി.
15 രൂപയുടെ വർദ്ധനവാണ് ഗ്രാമിന് ഉണ്ടായത്. നിലവിൽ ഗ്രാമിന് 4990 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ സ്വർണ വില വർദ്ധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഒരു പവൻ സ്വർണത്തിന് 40,000 ലധികം രൂപ നൽകേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വില വർദ്ധിച്ചിരുന്നു. ഇന്നലെ 200 രൂപയും, ബുധനാഴ്ച 160 രൂപയുമാണ് വർദ്ധിച്ചത്. തുടർച്ചയായി സ്വർണവില വർദ്ധിക്കുന്നത് ഉപയോക്താക്കളിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ 35,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. വർഷം അവസാനമാകുമ്പോൾ അയ്യായിരം രൂപയുടെ മാറ്റമാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. മാർച്ച് ഒൻപതിനായിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്നവില രേഖപ്പെടുത്തിയിരുന്നത്. 40560 രൂപയായിരുന്നു അന്നത്തെ വില.
സ്വർണത്തിന് പുറമേ വെള്ളിയുടെ വിലയും ഇന്ന് വർദ്ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം വെളളിയുടെ വില 73 രൂപയായി. അതേസമയം ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
Comments