തൃശൂർ : ഓൺലൈനായി ഓർഡർ ചെയ്ത ഐസ്ക്രീം വീട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃശൂരിലാണ് സംഭവം. കണ്ണൂർ കീഴൂർ സ്വദേശി നിയാസ് (28) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാൾ 90 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
നഗരത്തിലെ ഐസ്‌ക്രീം പാർലറിൽ ജോലി ചെയ്യുന്നയാളാണ് നിയാസ്. ഇവിടെ നിന്ന് ഓർഡർ ചെയ്ത ഐസ്ക്രീം ഹോം ഡെലിവറി നടത്തുന്നതിന് എത്തിയതായിരുന്നു ഇയാൾ. ഇതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.
സ്വർണവും തന്റെ പേരിലുള്ള സ്ഥലവുമെല്ലാം പണയം വെച്ചാണ് യുവതി ഇയാൾക്ക് പണം നൽകിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വിവിധ സ്റ്റേഷനുകളിലായി നിയാസിനെതിരെ സമാനമായ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിലെടുത്തു.















