ഹൈദരാബാദ്; ഗർഭിണികളായ സ്ത്രീകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കെസിആർ പോഷകാഹാര കിറ്റുമായി തെലങ്കാന സർക്കാർ. ബുധനാഴ്ച പദ്ധതി സംസ്ഥാനത്ത് ലോഞ്ച് ചെയ്യും. ആദ്യം ഒൻപത് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
ഗർഭിണികളിൽ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളർച്ചയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള ഭക്ഷ്യധാന്യങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തെ ഒൻപത് ജില്ലകളിലാണ് പദ്ധതി തുടങ്ങുക.
ഒരു കിലോ ന്യൂട്രീഷൻ മിക്‌സ് പൊടി, 2 കിലോ ഈന്തപ്പഴം, മൂന്ന് കുപ്പി അയൺ സിറപ്പ്, 500 ഗ്രാം നെയ്യ്, കപ്പ്, ഗുളിക
എന്നിവയാണ് കിറ്റിൽ ഉളളത്. പ്ലാസ്റ്റിക് ബാസ്‌കറ്റിലാക്കിയാണ് കിറ്റ് നൽകുക. അതുകൊണ്ടു തന്നെ ബാസ്‌ക്കറ്റും കിറ്റിലെ സാധനങ്ങളുടെ കണക്കിൽപെടുത്തിയിട്ടുണ്ട്.
കാമറെഡ്ഡി കളക്ടറേറ്റിൽ നിന്ന് വെർച്വലായി ആരോഗ്യമന്ത്രി ഹരീഷ് റാവുവും സ്പീക്കർ പൊച്ചാരം ശ്രീനിവാസും മന്ത്രി വെമുല പ്രശാന്ത് റെഡ്ഡിയും ചേർന്നാണ് പോഷകാഹാര കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. മറ്റ് എട്ട് ജില്ലകളിലും മന്ത്രിമാരും എംഎൽഎമാരും വിതരണത്തിൽ പങ്കാളികളാകും.
ഒന്നേകാൽ ലക്ഷത്തോളം ഗർഭിണികൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് സർക്കാരിന്റെ അവകാശവാദം. 50 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക. 2.5 ലക്ഷം കിറ്റുകൾ വിതരണത്തിന് തയ്യാറാക്കാനാകുമെന്ന് സർക്കാർ വ്യക്തമാക്കി.
Comments