ദിലീപ്-അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ്. ചിത്രത്തിന്റെ പൂജയ്‌ക്കായി കേരളത്തിലെത്തിയ തമന്നയെ ആവേശപൂർവ്വമാണ് ആരാധകരും സിനിമാ പ്രേമികളും വരവേറ്റത്. ഇപ്പോഴിതാ, തമന്നയുടെ പിറന്നാൾ ദിനത്തിൽ ബാന്ദ്രയിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാജകുമാരിയെപ്പോലെ അതിസുന്ദരിയായാണ് തമന്ന പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത്. മുംബൈയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിലൊന്നാണ്.
മാസ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ശരത് കുമാർ, ഈശ്വരി റാവു, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാജി കുമാര്‍-ഛായാഗ്രഹണം. സംഗീതം -സാം സി.എസ്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, കലാസംവിധാനം- സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.















