തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർസോൺ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ച് കേരള സർക്കാർ. ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് സർക്കാർ വെബ്‌സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഭൂപടം ഉടൻ ലഭ്യമാകും. പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. സർക്കാർ സൈറ്റുകളിൽ ജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്.
ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ ഇന്ന് തദ്ദേശ വകുപ്പ് പുറത്തിറക്കുമെന്നാണ് വിവരം. ഇതിലൂടെ വാർഡ് തല സമിതിയുടെ പ്രവർത്തനങ്ങളിലും നടപടിക്രമങ്ങളിലും വ്യക്തത വരുത്തും. 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖല-വയലറ്റ് നിറം ,പരിസ്ഥിതി ലോല മേഖല-പിങ്ക് നിറം ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ- നീല നിറം,പഞ്ചായത്തുകൾ-കറുപ്പ് നിറം,വനം-പച്ച നിറം എന്നിങ്ങനെയാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സുപ്രീം കോടതി ആവശ്യപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് കേരളം 68 ലക്ഷം രൂപ മുടക്കി ഉപഗ്രഹ സർവേ റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും അത് അപൂർണമായിരുന്നു.റിപ്പോർട്ടിനെതിരെ വ്യാപക പരാതികളും ഉയർന്നിരുന്നു. പരാതികളിൽ നിന്നും എതിർപ്പുകളിൽ നിന്നും രക്ഷ നേടാനാണ് ഇപ്പോൾ 2021-ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ടിനെക്കാൾ കാര്യങ്ങൾ വ്യക്തതയുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിക്കുമെന്നതിൽ സർക്കാരിന് വ്യക്തതയില്ല . ഈ റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും ഒപ്പം ഫീൽഡ് സർവേ റിപ്പോർട്ടും ഒരുമിച്ച് ജനുവരി 11 ന് ഉള്ളിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത് .ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
Comments