സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ഹേ ഒടിടിയിൽ റിലീസ് ചെയ്തു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം തീയേറ്ററിൽ ഏറെ കയ്യടി വാങ്ങിയിരുന്നു. ഹോട്ട്സ്റ്റാറിലാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഈയാഴ്ച തന്നെ അമല പോളിന്റെ ടീച്ചർ, പെപ്പെയുടെ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നീ സിനിമകളും ഒടിടിയിൽ എത്തുന്നുണ്ട്.
ഡിസംബർ 23ന് നെറ്റ്ഫ്ളിക്സിലാണ് ടീച്ചർ റിലീസ് ചെയ്യുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ് സൺ നെക്സറ്റിലാണ് എത്തുക. നവാഗതനായ നിഖിൽ പ്രേംരാജ് സംവിധാനം ചെയ്ത ഫുട്ബോൾ പശ്ചാത്തലമുള്ള ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്.
ഡിസംബറിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. സമാന്തയും ഉണ്ണിമുകുന്ദനും പ്രധാന കഥാപാത്രങ്ങളായെത്തിയ യശോദ, മോഹൻലാൽ ചിത്രം മോൺസ്റ്റർ, ജിത്തു ജോസഫ് ചിത്രം കൂമൻ, തമിഴ് ചിത്രം ലൗ ടുഡേ എന്നിവയാണ് ഈ മാസം ഒടിടിയിലൂടെ പുറത്തിറങ്ങിയത്. ഐശ്വര്യലക്ഷ്മിയുടെ ഗാട്ടാ ഗുസ്തി ഡിസംബർ 30ന് ഒടിടിയിലെത്തും. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
Comments