മുംബൈ: മഹാരാഷ്ട്രയിൽ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) നാഗ്പൂരിൽ വച്ചാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച അർധരാത്രിയോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് ഒരു ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതു സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യനില വഷളായതെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഉടൻ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാർ ഏറെ പരിശ്രമിച്ചെങ്കിലും ഐസിയുവിൽ വച്ച് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയ സ്തംഭനമുണ്ടായതിന് പിന്നാലെ കുട്ടി മരിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്. കേരളത്തിന്റെ അണ്ടർ 14 പോളോ താരമായിരുന്നു മരിച്ച നിദ ഫാത്തിമ.
Comments