സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഗംഭീര ട്രെയിലറും ഗാനവും പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. സിനിമയുടെ റിലീസ് തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു എന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്ലീൻ യു സർട്ടിഫിക്കറ്റാണ് മാളികപ്പുറത്തിന് ലഭിച്ചിരിക്കുന്നത്.
‘ഈ സിനിമ നിങ്ങളിലേയ്ക്ക് എത്തിക്കാൻ ഇനിയും എനിക്ക് കാത്തിരിക്കാൻ കഴിയില്ല’ എന്ന അടികുറിപ്പോടെ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ തന്നെ പങ്കുവെച്ചു. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകർ കമന്റുമായി എത്തിയിരിക്കുകയാണ്. ‘ഇനിയും കാത്തിരിക്കാൻ ക്ഷമയില്ല, റിലീസ് തീയതി പ്രഖ്യാപിക്കുമോ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ‘മാളികപ്പുറം തനിക്ക് ഒരു സിനിമ മാത്രമല്ല നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം’ എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments