തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫാരിസ് അബൂബക്കർ ഇല്ലാതെ ഒരു ജീവിതമില്ലെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ മുഖ്യമന്ത്രി നടത്തിയ സന്ദർശനത്തെ ശക്തമായ ഭാഷയിൽ പി.സി.ജോർജ്ജ് വിമർശിച്ചു. ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ മരണപ്പെട്ട പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. എന്നാൽ, എന്തിനാണ് മൂന്ന് മണിക്കൂറോളം ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ സമയം ചിലവഴിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.സി.ജോർജ്ജ് ആവശ്യപ്പെട്ടു.
‘പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മരണം നടന്ന ഒരു വീട്ടിൽ മുഖ്യമന്ത്രി പോകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ മൂന്ന് മണിക്കൂറോളം അവിടെ എന്ത് കച്ചവടമാണ് നടന്നതെന്ന് അറിയേണ്ടേ?. അത് പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ഇതാദ്യമല്ല. പിണറായി വിജയൻ നടത്തുന്ന വിദേശ യാത്രകളിൽ എല്ലാം ഫാരിസ് അബൂബക്കറിന്റെ സാന്നിധ്യമുണ്ട്. ഫാരിസ് ഇല്ലാതെ പിണറായി വിജയന് ഒരു ജീവിതമില്ല’.
‘ഫാരിസ് എല്ലാം സൗകര്യങ്ങളും ചെയ്ത് കൊടുത്തതിന് ശേഷമാണ് പിണറായി വിജയൻ മാസം തോറും വിദേശ യാത്രയ്‌ക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനം വച്ചു കൊണ്ട് എത്രമാത്രം കൊള്ളയടിക്കാം എന്ന് ഗവേഷണം നടത്തുകയാണ് പിണറായി വിജയൻ. അതിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നതെല്ലാം. നാല് ലക്ഷത്തിലധികം കടമുള്ള കേരളത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അപ്പോഴാണ് ഹെലികോപ്റ്റർ യാത്രയും വിദേശ സന്ദർശനവും. എന്താണ് തനിക്ക് ഫാരിസ് അബൂബക്കറുമായുള്ള ബന്ധമെന്ന് പിണറായി വിജയൻ പൊതുസമൂഹത്തോട് തുറന്നു പറയണം’ എന്ന് പി.സി.ജോർജ്ജ് പറഞ്ഞു.
Comments