മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19 കാരി പിടിയിൽ. കാസർകോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്. ഷഹലയുടെ പക്കൽ നിന്നും ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായിൽ നിന്നാണ് സ്വർണവുമായി ഷഹല എത്തിയത്. അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച രീതിയിൽ ആയിരുന്നു സ്വർണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെൺകുട്ടിയെ പോലീസ് ആണ് പിടികൂടിയത്.
ഷഹലയുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെൺകുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ സ്വർണമില്ലെന്ന് ഷഹല ആവർത്തിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെത്തിയില്ല. ഇതോടെ ദേഹപരിശോധന നടത്തുകയായിരുന്നു.
അടിവസ്ത്രത്തിൽ സ്വർണം മിശ്രിതമാക്കിയാണ് തുന്നിപ്പിടിപ്പിച്ചത്. ഇത്തരത്തിലുള്ള മൂന്ന് പാക്കറ്റ് സ്വർണം ഷഹലയുടെ പക്കൽ നിന്നും കണ്ടെത്തി. 1884 ഗ്രാം സ്വർണം സ്വർണമാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു.
Comments