ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. കാറിൽ നിന്ന് ഇറങ്ങവേ കണ്ണൂരിലെ ജയരാജൻമാരുടെ പോരിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല.
ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോയെന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മാദ്ധ്യമപ്രവർത്തകരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സമിതിയിലാണ് കണ്ണൂരിൽ ആയൂർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി ജയരാജൻ കോടികളുടെ സ്വത്തുണ്ടാക്കിയതായി പി ജയരാജൻ ആരോപണം ഉന്നയിച്ചത്. രണ്ട് ദിവസമായി മാദ്ധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയായെങ്കിലും സിപിഎമ്മും മുഖ്യമന്ത്രിയും മൗനം പാലിക്കുകയാണ്. റിസോർട്ടിൽ ഇപി ജയരാജ്‌ന്റെ ഭാര്യയ്‌ക്കും മകനുമുളള ഓഹരി പങ്കാളിത്തം ഉൾപ്പെടെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രിയെ കാണുമോയെന്ന ചോദ്യത്തിനും മറുപടി പറയാൻ പിണറായി വിജയൻ തയ്യാറായില്ല.
Comments