ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നതിലെ സമ്മർദ്ദവും ഉത്തരവാദിത്വവും വാക്കുകൾ കൊണ്ട് വ്യക്തമാക്കാൻ കഴിയുന്ന ഒന്നല്ല. ലക്ഷ്യ സ്ഥാനത്ത് അവയവങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുക എന്നത് ഒരു ചെറിയ ദൗത്യമല്ല. ഇന്ത്യയിലും നമ്മുടെ കേരളത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ദൗത്യം ഏറ്റെടുക്കുന്നവരുടെ സാഹസികത രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ കണ്ടറിഞ്ഞവരാണ് മലയാളികൾ. ഇപ്പോഴിതാ, അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോഗിച്ചിരിക്കുകയാണ് ഇറ്റാലിയൻ പോലീസ്.
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്ന് റോമിലേക്ക് അവയവദാനത്തിനായി എത്രയും വേഗം വൃക്കകള്‍ എത്തിക്കണമെന്നതായിരുന്നു ഇറ്റാലിയൻ പോലീസിന്റെ ദൗത്യം. ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സാണ് ഇതിനായി ഏർപ്പാടാക്കിയത്. 550 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് വൃക്കകൾ ദാനം ചെയ്തത്. ലംബോര്‍ഗിനി ഹുറാക്കനാണ് ഈ അതിവേഗ ദൗത്യം ഇറ്റാലിയന്‍ പോലീസിന് സാധ്യമാക്കികൊടുത്തത്. 2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന് രാജ്യത്തെ പോലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന വാഹനത്തിൽ പോലിസിയ എന്ന് എഴുതിയിട്ടുമുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 20-നായിരുന്നു അവയവദാന ദൗത്യം ഹുറാക്കനും ഇറ്റാലിയന്‍ പോലീസും നടപ്പിലാക്കിയത്. ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പോലീസ് ഹുറാക്കന് പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന് 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഈയൊരു യാത്രകൊണ്ട് രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പോലീസ് സേനയുടെ ഭാഗമാണ്.
Comments