കൊറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി തായ്വാൻ. വൈറ്റ് ഹൗസിൽ നടത്തിയ പുതുവർഷ പ്രസംഗത്തിലാണ് കൊറോണയെ പ്രതിരോധിക്കാൻ ചൈനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്വെൻ പ്രഖ്യാപിച്ചത്. തായ്വാനെതിരെയുള്ള സൈനിക വിന്യാസം ചൈന വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സായ് ഇംഗ് വെന്നിന്റെ പ്രസംഗം എന്നതും ശ്രദ്ധേയമായി.
രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ മാനുഷികമായ പരിചരണം ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ ചൈനയ്ക്ക് കൊറോണ മഹാമാരിയിൽ നിന്ന് രക്ഷനേടുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഞങ്ങൾ തയ്യാറാണ്. ആരോഗ്യകരമായ പുതുവർഷം ആഘോഷിക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നുമാണ് സായ് ഇംഗ് വെൻ പറഞ്ഞത്.
അതേസമയം ചൈനയിൽ ദിവസവും കൊറോണ ബാധിച്ച് 9000 പേർ മരിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്. ഡിസംബറിൽ മാത്രം 1,00,000 പേർ മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 18.6 മില്ല്യൺ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിയോടെ 3.7 മില്ല്യൺ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടും. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ 30 ശതമാനം പേർക്കും അതായത് 400 മില്ല്യൺ ആളുകളേയും രോഗം ബാധിച്ചു കഴിഞ്ഞു. രോഗബാധിതരാണെങ്കിലും പലരും പതിവ് പോലെ ജോലിക്ക് പോകുന്നുമുണ്ട്. കൊറോണ രോഗികളെ സംബന്ധിച്ചുള്ള യഥാർത്ഥ കണക്ക് ചൈന പുറത്ത് വിടുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments