ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് മാളികപ്പുറം. ഗംഭീര അഭിപ്രായവുമായി തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ‘അമ്പാടി തുമ്പി’ എന്ന മനോഹരഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കല്ല്യാണി എന്ന കുട്ടിയെ പരിചയപ്പെടുത്തുന്ന മനോഹര ഗാനമാണിത്. ഗാനം പുറത്തിറങ്ങിയതിലുള്ള സന്തോഷം സംഗീത സംവിധായകൻ രഞ്ജിൻ രാജും പങ്കുവെച്ചു.
‘ആ നാടിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് ആ സ്ഥലത്ത് സന്തോഷേട്ടന്റെ (lyrics – Santhosh Varma) കൂടെ നിന്നും, നടന്നും ഒക്കെ ഒരുക്കപ്പെട്ട ഗാനം. ഗ്രാമവും, സ്കൂളും, കല്ലുവിന്റെയും, പീയുഷിന്റെയും നിഷ്കളങ്കതയും ഒക്കെ നിറഞ്ഞ ഗാനം. വിനീതേട്ടനെ (Vineeth Sreenivasan) ആദ്യമായിട്ട് റെക്കോർട് ചെയ്യാൻ സാധിച്ചതിലും സന്തോഷം. മാളികപ്പുറത്തിന്റെ സംഗീതത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അനവധി നിരവധി നിലയ്ക്കാത്ത മെസേജുകൾക്ക് നന്ദി’ എന്ന് രഞ്ജിൻ രാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments