മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമയിലെ ചില ക്യാരക്ടർ പോസ്റ്ററുകളൊഴികെ മറ്റ് അപ്ഡേറ്റുകളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു. ത്രസിപ്പിക്കുന്ന ടീസറാണ് ആരാധകർക്ക് സമ്മാനമായി പുതുവത്സരത്തിൽ ക്രിസ്റ്റഫർ ടീം നൽകിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ടീസറിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നായിരിക്കും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമല പോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ‘ക്രിസ്റ്റഫർ’ നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഫൈസ് സിദ്ദിഖ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്- മനോജ്, കലാ സംവിധാനം- ഷാജി നടുവിൽ, ആക്ഷൻ കൊറിയോഗ്രഫി- സുപ്രീം സുന്ദർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments