ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം തിയറ്ററുകളിൽ വൻ വിജയംം തീർക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രൊപ്പഗണ്ട ചിത്രമെന്ന് വിധിയെഴുതി കൊണ്ട് മാളികപ്പുറത്തെ തകർക്കാൻ ശ്രമിച്ച ഒരു വിഭാഗത്തെ നോക്കുകുത്തിയാക്കി കൊണ്ടാണ് ചിത്രം വിജയ കുതിപ്പ് തുടരുന്നത്. തന്റെ വിശ്വാസത്തെയും രാഷ്ട്രീയത്തെയും വിവാദവൽക്കരിച്ച് മലയാള സിനിമയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നവർക്ക് മുന്നിൽ തുടർ വിജയങ്ങൾ സ്വന്തമാക്കി കൊണ്ടാണ് ഉണ്ണി മുകുന്ദൻ എന്ന നടൻ തലയുയർത്തി നിൽക്കുന്നത്. കൂട്ടായ ആക്രമണങ്ങളാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നത്. എന്നാൽ, മാളിക്കപ്പുറം തെളിച്ച വിജയപാതയിലൂടെ സൂപ്പർ താര പദവിയിലേയ്ക്ക് ഉയരുകയാണ് ഉണ്ണി മുകുന്ദൻ. ഇതിനിടെ നടൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ച വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു…പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കുന്നു…പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു…അപ്പോൾ നിങ്ങൾ വിജയിക്കും’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ വിമർശകർക്കും തന്റെ സിനിമകളെ കൂട്ടംചേർന്ന് തകർക്കാൻ ശ്രമിക്കുന്നവർക്കുമുള്ള മറുപടിയായാണ് നടന്റെ വാചകങ്ങളെ ആരാധകർ വിലയിരുത്തുന്നത്.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നു.
Comments