ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വിജയക്കൊടുമുടി കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കേരളത്തിലുടനീളം സഞ്ചരിക്കുകയാണ് ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും. ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കത്തിൽ ആദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിൽ നായകനായിരുന്ന മനോജ് കുമാറിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. വലിയ ഒരു താരമായതിനു ശേഷം ഉണ്ണിയെ വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മനോജ് കുമാർ പറഞ്ഞു.
‘ഞാനും ഉണ്ണി മുകുന്ദനും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു നടക്കുന്ന സമയത്താണ് ആ പരസ്യം ചിത്രീകരിക്കുന്നത്. അന്ന് ഞാൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. എഴുന്നൂറിലധികം പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭീമ ഗോൾഡിന്റെ പരസ്യത്തിൽ നായകനായി അഭിനയിക്കുമ്പോൾ ഒപ്പം അഭിനയിക്കാൻ ഒരു പയ്യൻ വന്നു. ഉണ്ണി എന്നായിരുന്നു പേര്. ഉണ്ണി ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമാണ് അത്. അഭിനയിച്ചിട്ട് തിരിച്ചു പോകുമ്പോൾ ‘‘ചേട്ടാ എന്തെങ്കിലും ചാൻസ് വരുന്നെങ്കിൽ പറയണേ’’ എന്ന് പറഞ്ഞിട്ടാണ് ഉണ്ണി പോയത്’.
‘പിന്നീട് ഉണ്ണി തിരക്കുള്ള നടനായി മാറി. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നിട്ട് കാര്യമില്ല എന്നു തോന്നിയപ്പോൾ ഹെയർ സ്റ്റൈലിംഗ് ആൻഡ് കോസ്മറ്റോളജി പഠിക്കാനായി ഞാൻ സിംഗപ്പൂരിലേക്ക് പോയി. തിരിച്ചു വന്ന് ചെന്നൈയിൽ സ്വന്തമായി ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ തുടങ്ങി. ആര്യ, വിശാൽ, സന്താനം, മാധവൻ, സിദ്ധാർഥ്, ജയറാം, പൃഥ്വിരാജ്, മമ്മൂക്ക, ദിലീപ്, കാവ്യാ മാധവൻ തുടങ്ങിയവർക്കെല്ലാം സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ ചെയ്തിട്ടുണ്ട്. ജയറാമിന്റെ സ്റ്റൈൽ സ്ഥിരമായി ഞങ്ങളുടെ എം സ്റ്റുഡിയോ ആണ് ചെയ്യുന്നത്’ എന്നും മനോജ് കുമാർ പറഞ്ഞു.
Comments