ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രത്തെ പ്രശംസിച്ച് കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം ‘മാളികപ്പുറം’ ഒരു തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയസൂര്യ.
മാളികപ്പുറം ചൈതന്യം നിറഞ്ഞ ചിത്രമാണെന്നാണ് ജയസൂര്യ വിശേഷിപ്പിക്കുന്നത്. സംവിധായകൻ വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും അദ്ദേഹം അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ജയസൂര്യ പറയുന്നു.
ജയസൂര്യയുടെ കുറിപ്പിന്റെ പൂർണരൂപം,
ചൈതന്യം നിറഞ്ഞ ചിത്രം ‘ മാളികപ്പുറം’.
ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു ‘വിഷ്ണു ശശിശങ്കർ’. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ .കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ ,രവിചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവർത്തകർക്കും ആശംസകൾ. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങൾ .















