കണ്ണൂർ: മാളികപ്പുറത്തിന്റെ വലിയ വിജയത്തിന് പിന്നാലെ കേരളത്തിലെ തിയറ്ററുകളിൽ സന്ദർശനം നടത്തുകയാണ് നടൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും. പ്രമോഷൻ യാത്രയിക്കിടെ കണ്ണൂരിലെ സവിത ഫിലിം സിറ്റിയിലെത്തിയപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന വര്ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരിയെ കണ്ടു മുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വത്സൻ തിലങ്കേരിക്കൊപ്പമുള്ള ചിത്രവും നടൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
‘മാളികപ്പുറത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്-കണ്ണൂർ എന്നിവടങ്ങളിൽ നടത്തിയ യാത്രയ്ക്കിടെ വത്സൻ തില്ലങ്കേരി ഏട്ടനെ കണ്ടു. എന്ത് നല്ല മനുഷ്യൻ. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ആളുകൾ !! നല്ല ഭക്ഷണവും ഒരുപാട് സ്നേഹവും !!! കേരളത്തിലുടനീളം ഞങ്ങളുടെ സിനിമ വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. മലയാളം പതിപ്പ്, വരും ദിവസങ്ങളിൽ കേരളത്തിന് പുറത്തും ഇന്ത്യയൊട്ടാകെയും പുറത്തിറങ്ങും. മറ്റ് ഭാഷാ പതിപ്പ് ഉടൻ. വളരെ നന്ദി പ്രിയരേ’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും പറയുന്നു.
Comments