കൊല്ലം: കരുനാഗപ്പളളിയിൽ പോലീസിന്റെ വൻ ലഹരിവേട്ട. രണ്ടു ലോറികളിലായി കടത്തികൊണ്ടുവന്ന ഒരു കോടി രൂപയുടെ നിരോധിത പാൻമസാലയാണ് പിടികൂടിയത്. ലോറി ഡ്രൈവർ തൗസീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയാണ് തൗസീഫ്.
ഒറ്റനോട്ടത്തിൽ പച്ചക്കറി വണ്ടിയാണെന്നായിരുന്നു ലോറി കണ്ടാൽ തോന്നുക. പുകയില ഉത്പന്നങ്ങൾക്ക് മുകളിൽ സവാള ചാക്കുകൾ നിരത്തി വച്ചിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് വാഹനം പരിശോധിച്ചതോടെയാണ് പാൻമസാല പാക്കറ്റുകൾ പിടികൂടിയത്.
നിരോധിത പുകയില ഉത്പന്നങ്ങളുടെ ഒന്നേകാൽ ലക്ഷം പാക്കറ്റുകളാണ് രണ്ട് ലോറികളിലുമായി ഉണ്ടായിരുന്നത്. ലോറി ഡ്രൈവർമാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. ചില്ലറവിൽപ്പനക്കാർക്ക് എത്തിച്ചുനൽകുന്ന കരുനാഗപ്പള്ളിയിലെ ഏജന്റാണ് ചരക്ക് ആവശ്യപ്പെട്ടതെന്നാണ് വിവരം.
Comments