കാസർകോട്: മെഡിക്കൽ കോളേജ് എന്നാൽ അത്യാധുനിക ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന ആശുപത്രിയെന്നാണ് പൊതുധാരണ. എന്നാൽ കേരളത്തിന്റെ വടക്കെ അറ്റത്ത്, കാസർകോട് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെയാണ് മെഡിക്കൽ കോളേജ് എന്ന് വിളിക്കപ്പെടുന്നത്. പേരിൽ മാത്രം മാറ്റം വരുത്തി അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് കാസർകോട് മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ആരംഭിച്ചത്.
ആരോഗ്യ വകുപ്പിന്റെയും ഔദ്യോഗിക രേഖകളിൽ ഇത് മെഡിക്കൽ കോളേജാണെങ്കിലും, ഇവിടെ കിടത്തി ചികിത്സയില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ഒപി വൈകുന്നേരം വരെ ഉണ്ടെന്നിരിക്കെ ഇവിടെ ഉച്ചവരെ മാത്രമേ ഒപി പ്രവർത്തിക്കുന്നുള്ളൂ. നിലവിൽ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിലാണ് ഒപിയുടെ പ്രവർത്തനം. പതിനാല് ഡോക്ടർമാരും 22 നേഴ്‌സുമാരുമാണ് ഇവിടെ ജീവനക്കാരായുള്ളത്. എന്നാൽ ഇവിടെ സ്‌കാനിംഗ് സൗകര്യമില്ല. ഒരു ആബുലൻസ് പോലും അനുവദിക്കാൻ ആരോഗ്യ വകുപ്പ് ഇതുവരെ തയ്യാറായിട്ടുമില്ല.
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ പോലും സംസ്ഥാന സർക്കാറിന് പ്രാപ്തിയില്ല. എട്ട് കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിൽ കരാറുകാർ നിർമ്മാണം ഉപേക്ഷിച്ച മട്ടാണ്. മെഡിക്കൽ കോളേജിന്റെ യാതൊരു സൗകര്യമോ മുന്നോരുക്കങ്ങളോ നടത്താതെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മെഡിക്കൽ കോളേജ് ആക്കി മാറ്റിയതിൽ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. മംഗലാപുരത്ത് നിരവധി അത്യാധുനിക ആശുപത്രികൾ പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണ് പല ജീവനുകളും രക്ഷപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Comments