കണ്ണൂർ: സിപിഎമ്മിന് കണ്ണൂർ കോർപറേഷന്റെ നോട്ടീസ്. പാർട്ടി കോൺഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ഒൻപത് മാസമായിട്ടും ജവഹർ സ്‌റ്റേഡിയത്തിൽ നിന്ന് കൊടിമരം കൊണ്ടുപോയിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കൊടിമരം സ്റ്റേഡിയം നവീകരണത്തിന് തടസ്സമാണെന്നാണ് കോർപ്പറേഷൻ ആരോപിക്കുന്നത്.
2022 ഏപ്രിൽ ആറ് മുതൽ 10 വരെയായിരുന്നു സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട് ജവഹർ സ്റ്റേഡിയം അനുവദിച്ച് നൽകിയത്. എന്നാൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയ വേളയിലാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് കോർപറേഷന്റെ നോട്ടീസ്. സ്റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സിപിഎമ്മിന് കണ്ണൂർ കോർപറേഷൻ നേരത്തെ പിഴയിട്ടിരുന്നു.















