മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും മിക്ക മലയാളികളുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമാണ്. ഫ്ളാറ്റുകളിൽ അല്ലാതെ വീടും പുരയിടവുമൊക്കെയായി ജീവിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും വീട്ടിൽ വാഴ കാണും. വാഴയില മുതൽ കുടപ്പൻ വരെ വാഴയിൽ നിന്ന് കിട്ടുന്ന എന്തും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.
വാഴ കുലച്ചാൽ കായ വെട്ടി ഉപ്പേരിയും മെഴുക്കുപുരട്ടിയും വയ്ക്കാനാണ് ചിലർക്ക് ഇഷ്ടം. എന്നാൽ മറ്റ് ചിലർക്ക് വാഴക്കുല പഴുപ്പിച്ചെടുക്കാനായിരിക്കും താത്പര്യം. കുല പഴുപ്പിക്കുക എന്നത് അൽപം മെനക്കെട്ട പണിയാണെന്നതിനാൽ ഇന്നത്തെ കാലത്ത് പലരും ഇതിന് മുതിരാറില്ല. ചന്ദനത്തിരി കത്തിച്ചുവച്ച് പഴുപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും തിരിയുടെ ഗന്ധം പഴത്തിന് വരുമെന്നതിനാൽ ഈ കുറുക്കുവഴിയോട് പലർക്കും താത്പര്യം കാണില്ല. എന്നാൽ ഇതൊന്നും ചെയ്യാതെ തന്നെ വാഴക്കുല എളുപ്പത്തിൽ പഴുപ്പിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..
ഇതിനായി വാഴക്കുല തൂക്കിയിടണം. വീടിനുള്ളിൽ സൗകര്യമുള്ള ഏത് ഭാഗത്തും വാഴക്കുല തൂക്കിയിടാം. അടുക്കള ഭാഗമാകണമെന്ന് നിർബന്ധമില്ല. വാഴക്കുലയുടെ മുകളിൽ നിന്നുള്ള രണ്ട് പടലയുടെ അടിയിലൂടെ കയറെടുത്ത് കുരുക്കുണ്ടാക്കി വേണം കുല തൂക്കിയിടാൻ. വീട്ടിലെ മേൽക്കൂരയിലെ കൊളുത്തുള്ള ഭാഗം നോക്കി കൊളുത്തി വയ്ക്കാം.
ശേഷം തൂക്കിയിട്ട വാഴക്കുലയുടെ അടി ഭാഗം ചെറുതായി പിളർത്തി അതിനടിയിൽ ചതച്ച മൂന്ന് വെളുത്തുള്ളി വച്ചു കൊടുക്കുക. ഇതിന് പിന്നാലെ ഒരു കട്ടിയുള്ള തുണി കൊണ്ട് വാഴക്കുല പുതച്ചുനൽകാം. ഇത്രയും ചെയ്താൽ വാഴക്കുല വളരെ പെട്ടെന്ന് പഴുത്ത് കിട്ടുമെന്നാണ് പറയപ്പെടുന്നത്. കുലയ്ക്ക് സമീപം ചന്ദനത്തിരി കത്തിച്ചുവയ്ക്കേണ്ട ആവശ്യമോ പുകമുറിയിൽ കുല തൂക്കിയിടേണ്ട കാര്യമോ ഇല്ല.
Comments