ലക്‌നൗ: സംസ്ഥാനത്തെ മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ അവരുടെ ചുമതലയിലുള്ള ജില്ലകൾ സന്ദർശിക്കണമെന്ന് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തി അറിയിക്കണമെന്നും സന്ദർശന വേളകളിൽ പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനപാലനത്തോടൊപ്പം സ്ത്രീസുരക്ഷ, പോലീസ് പട്രോളിംഗ്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ബിസിനസുകാരുടെ പ്രശ്‌നങ്ങൾ, ഗുണ്ടാസംഘങ്ങൾക്കെതിരായ നടപടി, ട്രാഫിക് മാനേജ്മെന്റ്, റവന്യൂ പിരിവിനുള്ള ശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങളും സന്ദർശനങ്ങളിൽ അവലോകനം ചെയ്യണം. ശനിയാഴ്ച ക്യാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ നിർദ്ദേശം.
കഴിഞ്ഞ വർഷം മുതലാണ് ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് യോഗി ആദിത്യനാഥ് വീതിച്ചു നൽകിയത്. അയോദ്ധ്യ, അസംഗഡ് ജില്ലകളുടെ ചുമതല കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹിക്കാണ്. കരിമ്പ് വികസന മന്ത്രി ലക്ഷ്മി നാരായൺ ചൗധരിക്ക് അലിഗഡിന്റെയും ഇറ്റാവയുടെയും ചുമതലകൾ നൽകിയിട്ടുണ്ട്. ടൂറിസം, സാംസ്‌കാരിക മന്ത്രി ജയ്വീർ സിംഗിനെ വാരാണസിയുടെയും ബറേലിയുടെയും ചുമതല ഏൽപ്പിച്ചിട്ടുണ്ട്. വനം-പരിസ്ഥിതി മന്ത്രി അരുൺ കുമാർ സക്സേനയ്‌ക്ക് ബുലന്ദ്ഷഹർ ജില്ലയുടെ ചുമതലയാണ്.
ഉത്തർപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം, ‘സർക്കാർ ആപ് കെ ദ്വാർ’ എന്ന പരിപാടിയുടെ ഭാഗമായി മന്ത്രി സംഘം നടത്തുന്ന പര്യടനം ജനങ്ങൾക്കിടയിൽ മികച്ച സന്ദേശമാണ് നൽകുന്നത്. ജില്ലയിൽ ഒരു മികച്ച വികസന ബ്ലോക്ക് ഉണ്ടെങ്കിൽ, ബന്ധപ്പെട്ട മന്ത്രി തുടർച്ചയായി ജില്ല സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യണം. എല്ലാ ഫീൽഡ് ഓഫീസർമാരും ജനപ്രതിനിധികളുമായി നിരന്തരം കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments