ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടന്ന പരേഡിൽ കേന്ദ്ര സായുധ സേന അവതരിപ്പിച്ച ടാബ്ലോ ജനപ്രിയ ടാബ്ലോയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ടീമിനെ അഭിനന്ദിക്കുന്നതായി അറിയിച്ച അമിത് ഷാ, ടാബ്ലോ കേന്ദ്ര സായുധ സേനാംഗങ്ങളുടെ അഭിമാനവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പരാമർശം.
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉൾപ്പെട്ട വിഭാഗത്തിൽ ഏറ്റവും മികച്ച ടാബ്ലോയിൽ നിന്നാണ് സായുധസേന പ്രദർശിപ്പിച്ച ടാബ്ലോ തെരഞ്ഞെടുത്തത്. സിആർപിഎഫിലെ വനിതാ വിഭാഗം നടത്തിയ പരേഡും ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സേനാ വിഭാഗങ്ങളിലേയും കേന്ദ്ര സായുധ സേനകളുടെ പരേഡിലും മികച്ചതായി തെരഞ്ഞെടുത്തത് സിആർപിഎഫിന്റെ മാർച്ചായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തക്കുന്ന സേനാ വിഭാഗങ്ങളെ സംയുക്തമായാണ് സിഎപിഎഫ് എന്ന് വിളിക്കുന്നത്. അസം റൈഫിൾസ്, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എൻഎസ്ജി, എസ്എസ്ബി എന്നീ വിഭാഗങ്ങൾ സിഎപിഎഫിൽ ഉൾപ്പെടുന്നു.















