വാഷിംഗ്ടൺ: വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ നാവികസേന. യുഎസ് സൗത്ത് കരോലിന തീരത്തെ മിർട്ടിൽ ബീച്ചിൽ നാവികസേനാംഗങ്ങൾ ബലൂണിന്റെ അവശിഷ്ടങ്ങൾ ബോട്ടിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. ബലൂണിന്റെ ഭാഗങ്ങളും ഫ്രെയിം പോലെയുള്ള ഘടകങ്ങളും ചിത്രത്തിൽ കാണാം.
കഴിഞ്ഞ ശനിയാഴ്ച യുദ്ധവിമാനങ്ങൾ തകർത്ത ബലൂൺ ചിതറിത്തെറിച്ച ഭാഗങ്ങളിൽ നാവിക സേനയുടെ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ്. അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് നാവികസേന കിംഗ്ഫിഷ്, സ്വോർഡ്ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോണുകൾ യുഎസ് വിന്യസിച്ചിട്ടുണ്ട്.. നിരവധി കപ്പലുകളും ബോട്ടുകളും തിരച്ചിൽ നടത്തുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയ ലോഹ ഭാഗങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വീണ്ടെടുക്കാനുണ്ട്.
സമുദ്രതീരത്ത് അടിയുന്ന ബലൂണിന്റെ അവശിഷ്ടങ്ങളിൽ സ്പർശിക്കരുതെന്ന് പൊതുജനത്തിന് മിർട്ടിൽ ബീച്ച് സിറ്റി ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്. ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമാണ് ഈ വസ്തുക്കളെന്നും ഇവയിൽ സ്പർശിച്ച് തെളിവ് നശിപ്പിക്കരുതെന്നുമാണ് മിർട്ടിൽ ബീച്ച് സിറ്റി ഭരണകൂടം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ശേഖരിച്ച അവശിഷ്ടങ്ങൾ വിശദമായ വിശകലനത്തിനായി ക്വാണ്ടിക്കോയിലെ എഫ്ബിഐ ലാബിലേക്ക് കൊണ്ടുപോകും.
Comments