തിരുവനന്തപുരം: ട്രെയിനുകളിലെ ജനറൽ ക്ലാസ് യാത്രയ്ക്ക് ഇനി സ്റ്റേഷൻ പതിപ്പിച്ചിരിക്കുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് എടുക്കാം. ചെറിയ യാത്രയ്ക്കുള്ള ടിക്കറ്റിന് പോലും കൗണ്ടറിൽ ദിർഘനേരം ക്യൂ നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് പുതിയ പരിഷ്ക്കാരം. പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന ചെറിയ സ്റ്റേഷനുകളിൽ മുതൽ പ്രധാന സ്റ്റേഷനുകളിൽ വരെ ഈ സൗകര്യം നിലവിൽ വന്നു.
യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ടിക്കറ്റിനായി സ്കാൻ ചെയ്യേണ്ടത്. എത് സ്റ്റേഷനിലേക്കാണോ യാത്ര ചെയ്യേണ്ടത് അത് രേഖപ്പെടുത്തുമ്പോൾ ലഭ്യമായ ട്രെയിനുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്നും ഇഷ്ടമുള്ള ട്രെയിൻ തിരഞ്ഞെടുക്കുമ്പോൾ അടയ്ക്കേണ്ട തുക എഴുതിക്കാണിക്കും. തുടർന്ന് ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പൈസ അടയ്ക്കാം. യാത്രാവേളയിൽ മൊബൈൽ ആപ്പ് വഴി തന്നെ ടിക്കറ്റ് പരിശോധകന് ടിക്കറ്റുകൾ പരിശോധിക്കാനും സാധിക്കും.
ദീർഘദൂര ട്രെയിനുകളിലെ ജനറൽ ക്ലാസ് ടിക്കറ്റും ക്യൂആർ കോഡിലൂടെ ബുക്ക് ചെയ്യാം. കൂടാതെ സീസൺ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവ എടുക്കാനും സംവിധാനത്തിലൂടെ സാധിക്കും. മുൻപ് യുടിഎസ് ആപ്പ് വഴി ഓൺലൈനായി ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു.
ദക്ഷിണ റെയിൽവേയിൽ 80 ശതമാനത്തിലധികം പേരും ടിക്കറ്റിനായി ഓൺലൈൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റ് വ്യാപകമായതൊടെ കൂടുതൽ പേരും പുതിയ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. അതുപൊലെ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭിക്കാനുള്ള കാലതാമസം കാരണം യാത്ര മുടങ്ങിയെന്ന പരാതിയും ഒഴിവാകും.
Comments