കൊല്ലം: രുഗ്മിണീസ്വയംവരദിനത്തിൽ നിർധന യുവതിക്ക് മംഗല്യഭാഗ്യമൊരുക്കി അഗസ്ത്യക്കോട് ശ്രീമഹാദേവ ക്ഷേത്രം ഭരണ സമിതി. അഗസ്ത്യക്കോട് സ്വദേശിനി സന്ധ്യയുടെയും കല്ലമ്പലം സ്വദേശി സജിത്തിന്റെയും വിവാഹമാണ് സപ്താഹ വേദിയിൽ നടത്തപ്പെട്ടത്. അഞ്ചൽ, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രഭരണസമതിയാണ് ഏവർക്കും മാതൃകയാകുന്ന സത് കർമ്മത്തിന് മുൻകൈയെടുത്തത്.
മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാസപ്താഹ ജ്ഞാനയജ്ഞത്തിൽ രുഗ്മി മിണി സ്വയംവരം പാരായണ ദിനത്തിലാണ് നിർധനയുവതിയുടെ മംഗല്യം നടത്തപ്പെട്ടത്. വിവാഹത്തിനാവശ്യമായ മുഴുവൻ സ്വർണ്ണവും മറ്റ് ചിലവുകളും സദ്യയും ഉൾപ്പടെ കോമളം മരുതിവിളവീട്ടിൽ മുരളീധരൻ പിള്ളയാണ് വഹിച്ചത്.
എല്ലാവിധ പ്രൗഢിയോടും കൂടി വധൂവരൻമാരെ സ്വീകരിച്ച് ആനയിച്ചു. തുടർന്ന് സപ്താഹ വേദിയിയിൽ വച്ച് വധൂവരൻമാർ വരണമാല്യം ചാർത്തി വിവാഹിതരാകുകയായിരുന്നു. യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ വിവാഹ കർമ്മങ്ങൾക്ക് നേതൃത്വംവഹിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും നടന്നു.















