ഇസ്തിരിപ്പെട്ടി അഥവാ അയേൺ ബോക്സ് ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കയാളുകളും. തേച്ചുമിനുക്കിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വീട്ടിൽ അയേൺ ബോക്സ് ഉണ്ടായിരിക്കും. വസ്ത്രങ്ങൾ വടിവൊത്ത രീതിയിൽ തേച്ചെടുക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയുടെ ചൂട് കൂടി തുണി കരിഞ്ഞുപോകുന്ന സംഭവങ്ങളും പതിവാണ്. ഇഷ്ടപ്പെട്ട പല ഡ്രസുകളും കരിച്ചെടുത്ത കഥകൾ എല്ലാവർക്കും പറയാനുണ്ടാകും. ഇത്തരത്തിൽ തേയ്ക്കുന്നതിനിടെ തുണി കരിച്ച അയേൺ ബോക്സിന് ഒരു പ്രത്യേകതയുണ്ട്. അതിൽ കറപിടിച്ചതുപോലെ നിറം പറ്റും. ഏത് തുണിയാണോ ഓട്ടയാക്കിയത് അതിന്റെ നിറമായിരിക്കും ഇസ്തിരിപ്പെട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുക. ഇത് കളയാനാണെങ്കിൽ വലിയ ബുദ്ധിമുട്ടുമാണ്.
എന്നാൽ അയേൺ ബോക്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കറയും കളയാൻ ഒരു സൂത്രപ്പണിയുണ്ട്. അതാണ് പാരസെറ്റമോൾ.. മിക്കവരുടെയും വീട്ടിൽ പാരസെറ്റമോൾ ഗുളികയുടെ സ്റ്റോക്കുണ്ടായിരിക്കും. പനി വരുമ്പോഴും വേദനകൾ വരുമ്പോഴുമെല്ലാം പാരസെറ്റമോൾ വിഴുങ്ങുന്ന ശീലം മലയാളികൾക്ക് കാലങ്ങളായിട്ടുണ്ട്. വീട്ടിൽ കരുതിവച്ചിരിക്കുന്ന പാരസെറ്റമോൾ എടുത്ത് തേച്ചാൽ ഇസ്തിരിപ്പെട്ടിയുടെ മേൽ പതിഞ്ഞിരിക്കുന്ന കറകളെല്ലാം പോകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.. കറപിടിച്ചിരിക്കുന്ന ഇസ്തിരിപ്പെട്ടി ചൂടാക്കുക. നല്ലപോലെ ചൂടായതിന് ശേഷം കറയുള്ള ഭാഗത്ത് പാരസെറ്റമോൾ ഗുളിക പതുക്കെ ഉരച്ചുകൊടുക്കുക. ഇതുചെയ്യുമ്പോൾ വിരലിൽ പൊള്ളലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുളിക കൊണ്ട് ഉരസുമ്പോൾ ഇസ്തിരിപ്പെട്ടിയിൽ നിന്നും കറയിളകി പോരുന്നത് കാണാൻ സാധിക്കും. കറയെല്ലാം ഉരച്ചെടുത്തതിന് ശേഷം മറ്റൊരു തുണി ചുരുട്ടി പിടിച്ച് പതുക്കെയൊന്ന് തുടച്ചുകൊടുത്താൽ ഇസ്തിരിപ്പെട്ടി ക്ലീനായി കിട്ടുന്നതാണ്.
Comments