സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികൾക്കിടയിലേക്ക് എത്തിയ നടിയാണ് ഗൗതമി നായർ. അടുത്തിടെയാണ് നടിയുടെ വിവാഹ മോചന വാർത്തയെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. കുറുപ്പ്, സെക്കൻഡ് ഷോ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ശ്രീനാഥിനെയായിരുന്നു ഗൗതമി വിവാഹം ചെയ്തിരുന്നത്.
2017ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ പരസ്പര സമ്മത പ്രകാരം രണ്ട് പേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബന്ധം വേർപ്പെടുത്തിയെങ്കിലും ഇപ്പോഴും സുഹൃത്ത് ബന്ധമുണ്ടെന്നും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും ഗൗതമി പറയുന്നു. എന്നാൽ വിവാഹമോചനത്തിന് പിന്നാലെ ആ ഘട്ടം കടന്നുപോകാൻ തെറാപ്പി ആവശ്യമായി വന്നു. രണ്ട് മാസം തെറാപ്പി ചെയ്തുവെന്നും ഗൗതമി പ്രതികരിച്ചു.
മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് പിരിഞ്ഞത്. കഴിഞ്ഞ 10 വർഷത്തിലധികമായി അറിയാവുന്നയാളാണ് ശ്രീനാഥ്. ഇഷ്ടപ്പെട്ട്, ഡേറ്റ് ചെയ്തതിന് ശേഷമായിരുന്നു വിവാഹത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ ഒരു ഘട്ടം വന്നപ്പോൾ രണ്ട് പേരുടെയും ഐഡിയോളജി രണ്ടായി തുടങ്ങി. ജീവിതത്തെ അത് ബാധിച്ചു. പരസ്പരം അഭിമുഖീകരിച്ച ഈ പ്രശ്നം തീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും അതിന് വേണ്ടി രണ്ട് പേരിൽ ഒരാൾ കോംപ്രമൈസ് ചെയ്യണമെന്ന അവസ്ഥയായിരുന്നു.
കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോയാലും ഭാവിയിൽ അത് ഒരാളിലേക്ക് വിരൽ ചൂണ്ടുന്നതിലേക്ക് നയിച്ചേക്കാമെന്ന് തിരിച്ചറിഞ്ഞതിനാൽ രണ്ട് പേരും രണ്ട് വഴിക്ക് ഹാപ്പിയായി പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമേ തീരുമാനം എടുക്കാവൂ എന്ന് മനസിലായെന്നും ഗൗതമി പറഞ്ഞു.















