ന്യൂഡൽഹി : പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ ദീപീന്ദർ ഗോയൽ. ‘ദ ഷെൽട്ടർ പ്രൊജക്ട’് എന്ന പേരിൽ രാജ്യത്തുടനീളം ഇത് പ്രാവർത്തികമാക്കും.
സാധരണയായി ജീവനക്കാർക്ക് പുതിയ ഓർഡർ ലഭിക്കുന്നത് വരെ വാഹനത്തിൽ കാത്തിരിക്കേണ്ടി വരികയാണ് പതിവ്. ഡെലിവറി ജീവനക്കാരിൽ അധികവും ബൈക്കിൽ സഞ്ചരിക്കുന്നതിനാൽ അടുത്ത ഓർഡർ വരുന്നത് വരെ ബൈക്കിലാണ് കാത്തിരിക്കേണ്ടത്. കൂടാതെ മഴക്കാലും വേനൽക്കാലുമെല്ലാം ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുമുണ്ട്.
ഡെലിവറി ജീവനക്കാരെ പിന്തുണയ്‌ക്കുന്നതിനുള്ള ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പാണിതെന്ന് ഗോയൽ പറഞ്ഞു. ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതവും പിന്തുണ നൽകുന്നതുമായ സാഹചര്യം സൃഷ്ടിക്കാൻ പ്രതിജ്ഞബദ്ധരാണെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ജീവനക്കാരുടെ ആശങ്ക ശമ്പളകാര്യത്തിലാണ്. പെട്രോൾ വില പ്രതിദിനം കുതിച്ചുയരുമ്പോൾ ഓരോ ഓർഡറിനും ശരാശരി 40 രൂപ മാത്രമാണ് ജീവനക്കാർക്ക് ലഭിക്കുക. യാത്ര ദീർഘദൂരമാണെങ്കിൽ കുറച്ച് തുക കൂടി അധികം ലഭിക്കും. കൂടാതെ ജോലി വെട്ടിക്കുറയ്‌ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നതും മറ്റൊരു പ്രതിസന്ധിയാണ്.















