ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിൽ മോഷണശ്രമത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിൽ ലക്ഷ്മി നഗറിലെ സി-34 വിജയ് ബ്ലോക്കിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. മോഷണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കുത്തേറ്റത്.
കിഴക്കൻ ഡൽഹിയിൽ മോഷണശ്രമത്തിനിടെ ഒരാൾ മരിച്ചെന്ന വിവരത്തെ തുടർന്നാണ് ലക്ഷ്മി നഗർ സ്റ്റേഷനിലെ പോലീസ് സംഘം സ്ഥലത്തെത്തിയത്. സുനിൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാക്കൾ യുവാവിനെ കുത്തുകയായിരുന്നു.
സ്വകാര്യവ്യവസായ ഉടമകളായ വിനയ് കുമാറിനെയും അതുലിനെയും കാണാനാണ് സുനിൽ ഫ്ളാറ്റിൽ എത്തിയത്. പിന്നാലെ, ഫ്ളാറ്റിനുള്ളിലേക്ക് നാലംഗ സംഘം അതിക്രമിച്ച് കടക്കുകയും മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അക്രമികളെ എതിർക്കുമ്പോഴായിരുന്നു സുനിലിന് കുത്തേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമൃത ഗുഗുലോത്ത് അറിയിച്ചു. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments