കൊല്ലം: ചടയമംഗലം ജടായുപാറയിലേക്കെത്താൻ 1008 പടികൾ. നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് മൂന്നിന് ആരംഭിക്കും. പാറയുടെ അടിവാരത്ത് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്കാകും ചടങ്ങുകൾ നടക്കുക. ആദ്യത്തെ പടവ് ഉടുപ്പി പേജവാർ മഠാധിപതിയും അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർത്ഥ സമർപ്പിക്കും. ആരാധനശില ഋഷി ജ്ഞാന സാധനാലയം അദ്ധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ഠ സ്ഥാപിക്കും.
തുടർന്ന് പൊതു സമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ് വാൾ ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതികൾ ചൊല്ലി കൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ശീർഷക ഗാനത്തിന്റെ നൃത്താവിഷ്‌കാരവും തിരുവാതിരയും അവതരിപ്പിക്കും. പടവ് നിർമ്മാണത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ ‘രാമതാനം’ പ്രദർശിപ്പിക്കും. സീതാദേവിയെ രക്ഷിക്കുന്നതിന് സ്വജീവൻ ബലി കൊടുത്ത ജടായുവിന്റെ വീരേതിഹാസം നിറഞ്ഞ ജീവത്യാഗത്തിന്റെ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കും. തുടർന്ന് നർത്തകി മഹാലക്ഷ്മിയുടെ സദാ രാമം ഭജേ എന്ന നൃത്തസന്ധ്യയും സ്വാമി കൃഷ്ണമയാനന്ദ തീർത്ഥ പാദരുടെ സോപാന നൃത്തവും ഉണ്ടായിരിക്കും.
കന്യാകുമാരി ജില്ലയിലുള്ള മൈലാടിയിൽ നിന്നും എത്തിക്കുന്ന ശിലകൾ ഉപയോഗിച്ചാണ് പടവുകൾ നിർമ്മിക്കുന്നത്. ആറ് ഇഞ്ച് കനവും ഒരടി വീതിയുമുള്ള ശിലാപടവുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ബാലു ശിൽപിയാണ് നേതൃത്വം നൽകുന്നത്.















