തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. ഇന്ന് വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്യും.
മൂന്നാം ഉത്സവ ദിവസം കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ തങ്ങിയാണ് കുട്ടികൾ വ്രതം എടുക്കുന്നന്നത്. ഇവർ മൂന്നുനേരം ഈറനണിഞ്ഞ് ദേവിക്ക് മുന്നിൽ 1008 നമസ്‌കാരം നടത്തും. കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് മാർച്ച് ഏഴിന് രാത്രി 7.45-ന് നടക്കും. രാത്രി 10.15-ന് എഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത് പിറ്റേന്ന് പുലർച്ചെയ്‌ക്കാണ് തിരികെ എത്തുന്നത്. മാർച്ച് എട്ടിന് രാത്രി 9.15-ന് ദേവിയുടെ കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.
മൂന്ന് ഓഡിറ്റോറിയങ്ങളിലായാണ് കലാപരിപാടികൾ നടക്കുന്നത്. അംബ, അംബിക, അംബാലിക എന്നീ ഓഡിറ്റോറിയങ്ങളിൽ മുഴുവൻ സമയവും പരിപാടികൾ നടക്കും.
Comments