ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയിൽ ബ്രഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരൻ (21) ആണ് മരിച്ചത്. ചെന്നൈ കടല്ലൂരിലായിരുന്നു സംഭവം.
സംസ്ഥാനതല ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവാവ്. 70 കിലോ താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധിപേർ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പ്രദേശത്തുള്ള കല്യാണ മണ്ഡപത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്.
ദിവസം മുഴുവൻ പരിശീലനം ചെയ്യുന്നതായിരുന്നു ഹരിഹരന്റെ പതിവ്. വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരൻ ഭക്ഷണം കഴിക്കുന്നതിനായി കുറച്ചുനേരം ഇടവേളയെടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയിൽ കുടുങ്ങി. ഇതോടെ ശ്വാസതടസം നേരിട്ട ഹരിഹരനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Comments